🔲 വീട്ടിൽ ഇരിക്കുന്ന സമയത്തു മികച്ച സർവകലാശാലകളുടെ കോഴ്സുകൾ സൗജന്യമായി ഓൺലൈനിൽ ചെയ്യുന്നതിനെക്കുറിച്ചു മുഖ്യമന്ത്രി മാർച്ച് 31-ലെ പത്രസമ്മേളനത്തിൽ സൂചിപ്പിക്കുകയുണ്ടായി - വിജ്ഞാനം വർധിപ്പിക്കാൻ ഉതകുന്ന ഒരു അവസരമായി ഈ ലോക്ഡൗൺ സമയത്തെ കാണാവുന്നതാണെന്ന്.
🔲 മുഖ്യമന്ത്രി സൂചിപ്പിച്ചപോലെ ഹാർവാഡ്, സ്റ്റാൻഫോഡ് തുടങ്ങിയ സർവകലാശാലകളുടെ കോഴ്സുകൾ സൗജന്യമായി ഓൺലൈനിൽ ലഭ്യമാണ്.
🔲 ലോകത്തെ എല്ലാവർക്കും എവിടെയിരുന്നും ഇന്റർനെറ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന കോഴ്സുകൾ മൂക് (മാസ്സിവ് ഓപ്പൺ ഓൺലൈൻ കോഴ്സസ്) എന്ന പേരിൽ ലോകത്തെ പ്രശസ്തമായ സർവകലാശാലകൾ കോഴ്സുകൾ നല്കുന്നുണ്ട്.
🔲 ലോകചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി എങ്ങനെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാം എന്നുവരെയുള്ള കോഴ്സുകൾ ഓൺലൈനായി ലഭ്യമാണ്.
🔲 ഈ കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റിലോ,
▶️ courseera (https://www.coursera.org/)
▶️ Udemy (https://www.udemy.com/)
▶️ edX (https://www.edx.org/)
▶️ Udacity (https://www.udacity.com/)
തുടങ്ങിയ പ്ലാറ്റ്ഫോംസ് വഴിയോ കോഴ്സുകളിൽ ചേരാം.
🔲 മിക്കവാറും കോഴ്സുകൾ സൗജന്യമായാണ് നൽകുന്നതെങ്കിലും, കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് കിട്ടാൻ പണം നൽകേണ്ടിവന്നേക്കാം. ഇന്ത്യൻ സർക്കാരിന്റെ
▶️ സ്വയം (https://swayam.gov.in/)
▶️ മൂകും (https://www.mooc.org/)
ഇത്തരത്തിലുള്ള നിരവധി കോഴ്സുകൾ നൽകുന്നുണ്ട്.
🔲 ഇത്തരം കോഴ്സുകളിൽ ചേരുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ കോഴ്സുകളിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള പഠിതാക്കൾ പങ്കെടുക്കുന്നുണ്ട് എന്നതാണ്. അതിനാൽ നമ്മൾ, ചർച്ചയിലും മറ്റും പങ്കെടുക്കുമ്പോൾ, പ്രാദേശിക സൂചികകളെ ക്ര്യത്യമായി വിശദമാക്കേണ്ടിവരും. ഉദാഹരണത്തിന് പഞ്ചായത്തിരാജ് എന്നത് ഇന്ത്യയിലെ ആളുകൾക്ക് മനസ്സിലാകുമെങ്കിലും, ഇന്ത്യക്കു പുറത്തുള്ളവർക്ക് പിടികിട്ടണമെന്നില്ല. അതുപോലെ, പഠിതാവ് എന്ന നിലയിൽ പൂർത്തിയാക്കേണ്ട കാര്യങ്ങൾ - ചർച്ചകളിലെ പങ്കാളിത്തം, അസൈൻമെന്റുകൾ, ക്വിസ് - സമയ ബന്ധിതമായി പൂർത്തിയാക്കലും ആവശ്യമാണ്.
🔲 ഏതു പ്രായത്തിലും തനിക്കു ഇഷ്ട്ടമുള്ള കാര്യങ്ങൾ പഠിക്കാൻ സഹായിക്കുന്ന ഉപാധിയാണ് മൂക് കോഴ്സുകൾ.
🔲 പല കോഴ്സുകൾക്കും അടിസ്ഥാന യോഗ്യത എന്നൊന്നില്ല; പഠിക്കാനുള്ള താത്പര്യം മാത്രം മതി.
🔲 മിക്കവാറും കോഴ്സുകൾ ഇംഗ്ലീഷിലാണെങ്കിലും, ഇംഗ്ലീഷ് ഭാഷയിലൂടെ പരിജ്ഞാനം ഒരു പരിമിതിയല്ല. സത്യം പറഞ്ഞാൽ പഠനത്തിന് ഭാഷ ഒരു പരിമിതി അല്ല. പല കോഴ്സുകളും വായിക്കാനുള്ള ഭാഗങ്ങൾ, അധ്യാപകന്റെ ക്ലാസ്സിന്റെ വീഡിയോ, യൂട്യൂബ് ഉൾപ്പടെയുള്ള മറ്റു വിഡിയോകൾ, പവർപോയിന്റ് പ്രെസെന്റഷനുകൾ് തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങൾ പഠിതാക്കളുമായി സംവദിക്കാൻ ഉപയോഗിക്കുന്നുണ്ട്. അതിനാൽതന്നെ പഠനം എളുപ്പമാണ്, രസകരവും. പ്രായപരിധി ഇല്ലാത്തതിനാൽ എല്ലാവർക്കും ഒരുമിച്ചു കോഴ്സുകൾ ചെയ്യാം. ഉദാഹരണത്തിന്, സ്കൂളിൽ പഠിക്കുന്ന മോളും, നാൽപതു വയസുള്ള അമ്മയും, എൺപതു വയസുള്ള മുത്തശ്ശിക്കും ഒരുമിച്ചു റോബോട്ടിന്റെ പ്രവർത്തങ്ങളെക്കുറിച്ചുള്ള ഒരു കോഴ്സ് ഒരുമിച്ചിരുന്ന് ഓൺലൈനിൽ പഠിക്കാം.
🔲 ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ മനസിലാക്കുന്നതിനോടൊപ്പം, പഠനത്തെയും, വിജ്ഞാനത്തെയും പരമ്പരാഗത നിർവചനങ്ങളിൽനിന്ന് വിപുലീകരിച്ചു പുതിയ അറിവുകളും, നൈപുണിങ്ങളും നേടാനും ഈ അവധിക്കാലം ഉപയോഗിക്കാവുന്നതാണ്. നമ്മുടെ ഔദ്യോഗിക വിദ്യാഭാസ സമ്പ്രദായങ്ങളിൽ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന അതിജീവന കഴിവുകൾ നേടിയെടുക്കുന്നതും വിദ്യാഭ്യാസംവഴി തന്നെയാണ്.
🔲 ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ്, കേരളത്തിലെ ഒരു സർവകലാശാലാ അധ്യാപകൻ എന്ന നിലയിൽ വിദ്യാർഥികളുടെ കമ്മ്യൂണിറ്റി ക്യാമ്പ് നടത്തുകയായിരുന്നു. വിദ്യാർഥകൾ തന്നെയാണ് ഗ്രൂപ്പ് തിരിഞ്ഞു ഭക്ഷണം പാചകം ചെയ്യുന്നതും മറ്റും. വിറകടുപ്പിൽ തീ പിടിപ്പിക്കാൻ അറിയാത്ത ഇരുപതു വയസായ വിദ്യാർഥികൾ, സാമ്പാറിൽ എന്തൊക്കെ പച്ചക്കറികൾ വേണം, അവയൊക്കെ എങ്ങനെ അരിയണം എന്ന് അധ്യാപകനോട് ചോദിക്കുന്നവർ. നിത്യജീവിതത്തിൽ നിലനിൽക്കുന്നതിന് ആവശ്യമായ പലകാര്യങ്ങളും നമ്മുടെ പുതുതലമുറയ്ക്ക് കിട്ടാതെ പോകുന്നുവെന്നത് ഒരു സത്യമാണ്. (ഗ്യാസ് അടുപ്പിന്റെ കാലത്ത്, വിറകുകൊണ്ട് തീ കത്തിക്കാൻ പഠിക്കുന്നതിന്റെ ആവശ്യം ഇല്ല എന്ന മറുവാദം ഉണ്ടാകാം; ഏതൊരാവസ്ഥയിലും അതിജീവിക്കാനുള്ള നൈപുണ്യം മക്കൾ ആർജിക്കേണ്ടിയിരിക്കുന്നുവെന്നതായിരിക്കാം അതിനുള്ള മറുപടി) ജീവിതത്തിൽ അടിസ്ഥാനമായി ആവശ്യമായ നൈപുണ്യങ്ങൾ (ലൈഫ് സ്കിൽസ്) വളർത്തിയെടുക്കാനുള്ള അവസരമായി കൂടി ഈ ലോക്ഡോൺ സമയത്തെ കാണാവുന്നതാണ്. ആശയവിനിമയം, പ്രസംഗ പരിശീലനം, അഭിനയം, പാചകം, കായിക പ്രവൃത്തികൾ, സൃഷ്ടിപരമായ കാര്യങ്ങൾ, സാഹിത്യ സൃഷ്ടികൾ, അറ്റകുറ്റപണികൾ, കുടുംബചരിത്രപഠനം എന്നിങ്ങനെ നിരവധി മേഖലകളിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും അറിവും അനുഭവവും സാധ്യമാക്കാനുള്ള അവസരമായിക്കൂടി ഈ സമയത്തെ കാണേണ്ടിയിരിക്കുന്നു.
🔲 വീട്ടിലിരിക്കുന്ന സമയത്തു ചെയ്യുന്ന ഇത്തരത്തിലുള്ള പ്രവർത്തികളുടെ ചിത്രങ്ങളും വിഡിയോകളും പ്രസ്തരായ വ്യക്തികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. അതിലൊന്നിൽ, ഒരു സിനിമാനടൻ മക്കൾക്കൊപ്പം വീടിനു പുറത്ത് ഓലയും കമ്പും വെച്ച് ചെറിയ വീട് കെട്ടി ഇരിക്കുന്ന ചിത്രംകണ്ടു. വേനലിലെ സ്കൂൾ അവധിക്കാലത്തും ഞങ്ങൾ അങ്ങനെ കെട്ടിയിരുന്ന 'കുഞ്ഞിപ്പുര', ടീംവർക്കും (പണി എടുക്കാത്തവന് കുഞ്ഞിപ്പുരയിൽ വെച്ച പായസം കുറച്ചേ കൊടുക്കൂ), റിസോഴ്സ് മൊബിലൈസേഷനും (അപ്പച്ചനെ കാണാതെ ഓല വെട്ടിയെടുക്കുക), ക്രീയേറ്റിവിറ്റിയും (പച്ചില കൊണ്ടുള്ള കോളാമ്പി മൈക്ക്) മറ്റും വളർത്തിയെടുക്കുന്നതിനു സഹായിക്കുന്നതാണ്.
🔲 കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ വിളിച്ചു ലോക്ഡൗൺ സമയം എങ്ങനെ പോക്കുന്നുവെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, വീട്ടിലെ എല്ലാ അംഗവും ഓരോ ദിവസവും ഓരോ വിഷയങ്ങളെകുറിച്ച് ക്ലാസെടുക്കുമെന്ന്. ഭാര്യയും ഭർത്താവും കോളേജിൽ പഠിക്കുന്ന രണ്ടും ഹൈസ്്കൂളിൽ പഠിക്കുന്ന ഒന്നും മക്കൾ അടങ്ങിയ അവരിൽ ഒരാൾ, അവർക്കിഷ്ടപ്പെട്ടതോ, അറിയാവുന്നതുമായ വിഷയത്തെക്കുറിച്ചും അരമണിക്കൂർ ക്ലാസ് എടുക്കും. തന്റെ നിർദേശത്തെ മക്കൾ കുറച്ചുകൂടി പൊലിപ്പിച്ചു, അവർ പവർപോയിന്റ് വെച്ചായി പ്രസന്റേഷൻ. ഇനി വീട്ടിലെ എല്ലാവരും കൂടിയിരുന്നു കഥ പറയാം. ഒരിടത്ത് ഒരു രാജാവും രജ്ഞിയും ജീവിച്ചിരുന്നു എന്ന് പറഞ്ഞു 'അമ്മ തുടക്കമിട്ടാൽ മതി പതിനഞ്ചു മിനിറ്റിനുള്ളിൽ, എല്ലാവരും കൂടി ആരും കേൾക്കാത്ത കഥയിലേക്ക് നമ്മെ എത്തിക്കും. ഭാവനയ്ക്കും ക്രീയാത്മകതയ്ക്കും വളരാനുള്ള അവസരമാണിത്. ഇനി (മുഖ്യമന്ത്രി നിർദേശിച്ചതുപോലെ) ഒരു ദിവസം അമ്മ (അതോ ആരാണോ അടുക്കള കൈകാര്യം ചെയ്യുന്നത്) അടുക്കളയിൽ നിന്ന് മാറി നിൽക്കട്ടെ. ഇത് വരെ ഒന്നും പാചകം ചെയ്യാത്ത മകനോ മകളോ യൂട്യൂബിൽ നോക്കിയോ മറ്റോ കുറച്ചു വിഭവങ്ങൾ ഉണ്ടാകട്ടെ. അതൊക്കെ കുളമായാലും വേണ്ടില്ല, തെറ്റുപറ്റിയാണ് നമ്മളൊക്കെ പഠിക്കുന്നത്.
🔲 പുതിയ തലമുറയിൽ പരമ്പരാഗത ലിംഗാധിഷ്ഠിത തൊഴിൽ ധർമ്മങ്ങൾ മാറിവരികയാണ്. അതിനാൽ ആണും പെണ്ണും എന്ന വ്യത്യാസമില്ലാതെ പാചകവും മറ്റും പഠിക്കേണ്ടത് അനിവാര്യമായിക്കൊണ്ടിരിക്കയാണ്.
🔲 ദേശീയ അവാർഡ് നേടിയ സിനിമാനടി പറമ്പിൽ തൂമ്പയെടുത്തു കിളക്കുന്ന പടവും ഈ ദിവസങ്ങളിൽ പത്രത്തിൽ കണ്ടു. എല്ലാവരും കുറച്ചു ദിവസം മണ്ണിൽ പണിയെടുക്കട്ടെ. മണ്ണിനോട് മല്ലിടുമ്പോഴാണ്, പ്രകൃതി ഫലഭൂയിഷ്ടമാകുന്നതെന്നു മനസിലാക്കാനുള്ള അവസരം കൂടിയാണിത്. ഒരു ചെടി വളരുന്നത് രണ്ടാഴ്ചക്കാലം നിരീക്ഷിക്കുന്നതിൽ നിന്നും കിട്ടുന്ന ജ്ഞാനവും, സംതൃപ്തിയും ഒരു ക്ലാസ്സിൽനിന്നും കിട്ടില്ല. ഒരു ദിവസത്തേക്ക് വീട്ടിലെ മോട്ടോർ ഓഫാക്കിയിട്ടീട്ടു പഴയ ബക്കറ്റും കയറും എടുത്ത് എല്ലാവരുംകൂടി കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനെക്കുറിച്ചും ആലോചിക്കാം. കപ്പിയിലൂടെ വെള്ളം കോരുമ്പോൾ ഭാരം കുറയുന്നത് എങ്ങനെയെന്ന് ഒരു ചർച്ചയുമാകാം. ഫിസിക്്സ് എങ്ങനെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നുവെന്നു മക്കൾക്ക് ബോധ്യമാകും.
🔲 മക്കളോട് അച്ഛന്റെയും അമ്മയുടെയും ജന്മദിനങ്ങൾ അറിയാമോ എന്ന് ചോദിച്ചു നോക്കൂ. ഇനി അവർക്കു മുത്തച്ഛന്റേയും മുത്തശ്ശിയുടെയും ജന്മദിനങ്ങൾ അറിയാമോ? അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ എത്ര തലമുറ വരെയുള്ളവരുടെ പേരും, വയസും ജനന മരണ വർഷങ്ങളും അറിയാം? കുടുംബത്തിന്ന്റെ അഞ്ചു തലമുറ വരെയുള്ള വംശാവലി ചരിത്രം ഉണ്ടാക്കാൻ ഒരു പ്രൊജക്റ്റ് കൊടുക്കാം. അത് വഴി സ്വന്തക്കാരെയും ബന്ധുക്കളെയും വിശദമായി പരിചയപ്പെടുകയും ചെയാം. പഠനം എന്നത് ക്ലാസ്മുറിയിലും, വിദ്യാഭാസ സ്ഥാപനത്തിൽ നിന്നും മാത്രം ലഭിക്കുന്നതാണെന്ന ധാരണ മാറ്റി, വിദ്യാഭാസം നിത്യജീവിതവുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവിലേക്ക് വളരാൻ ഇത്തരത്തിലുള്ള പ്രവൃത്തികൾ സഹായിക്കും. അതിലുപരി ഇതുവഴി നേടുന്നത്, വിദ്യാലങ്ങളിൽനിന്നും കിട്ടാനിടയില്ലാത്ത അതിജീവനത്തിന്റെ പാഠങ്ങൾ കൂടിയാണ്.
🔲 കാനഡയിൽ ഞാൻ പഠിപ്പിക്കുന്ന സർവകലാശാല സാങ്കേതികമായി പൂട്ടിയിരിക്കുകയാണെങ്കിലും, ക്ലാസുകൾ (ഞങ്ങളുടെ സോഷ്യൽ വർക്ക് പ്രോഗാമിലെ ഫീൽഡ് വർക്ക് ഉൾപ്പടെ) ഓൺലൈനായി നടക്കുകയാണ്. സ്കൂളിലെ ക്ലാസ്സുകളും ഓൺലൈനായി നടക്കുന്നുണ്ട്. ഇന്റർനെറ്റ് സാധ്യതകൾവഴി അദ്ധ്യാപകന് വിദ്യാർഥികളുമായി തത്സമയം സംവദിച്ചുകൊണ്ട് പഠിപ്പിക്കാനുള്ള അവസരങ്ങൾ വരെയുണ്ട്. ഞാൻ പഠിപ്പിക്കുന്ന ഒരു കോഴ്സിന്റെ മൂന്നിലൊന്നു ക്ലാസുകൾ മുൻപേതന്നെ ഓൺലൈനാണ്. പൂർണമായും ഓൺലൈനിൽ ചെയ്യാവുന്ന കോഴ്സുകൾ ലോകത്തിന്റെ പല ഭാഗത്തും ലഭ്യമാണ്. (നേരിട്ട് ക്ലാസ്സിൽ ഇരുന്നു പഠിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഓൺലൈൻ കോഴ്സുകൾ എന്ന് ചില അനുഭവസ്ഥർ; എന്റെ അനുഭവവും തഥൈവ).
🔲 നാട്ടിലെ സാങ്കേതികവിദ്യയും വിദ്യാഭ്യാസവും ഓൺലൈൻ സാധ്യതകളെ പരമാവധി ഉപയോഗിക്കേണ്ടതിനെക്കുറിച്ചു ചിന്തിക്കാൻ നമ്മളെ ഈ ലോക്ഡൗൺ സഹായിക്കട്ടെ. ഇനിയൊരു ലോക്ഡൗൺ ഉണ്ടാകുമ്പോൾ നമുക്ക് വീട്ടിലിരുന്നു മട്ടുപ്പാവിലെ കൃഷിയെക്കുറിച്ചു പഠിക്കാൻ കാർഷിക സർവകലാശാലയും, സംസ്കൃതം പഠിക്കാൻ സംസ്കൃത സർവകലാശാലയും, കേരളത്തിന്റെ നാട്ടറിവുകളെക്കുറിച്ചു മലയാളം സർവകലാശാലയും, വീട്ടിൽ കിട്ടുന്ന ഉപകരണങ്ങൾ കൊണ്ട് ചെറിയ റോബോട്ട് ഉണ്ടാക്കുന്നതിനെക്കുറിച്ചു സാങ്കേതിക സർവകലാശാലയും, ഒരു സെന്റിൽ എങ്ങനെ മത്സ്യക്കൃഷി ചെയ്യാമെന്ന് കുഫോസും, രണ്ടാഴ്ചകൊണ്ട് രണ്ടുകിലോ തടി കുറക്കുന്നതിനെക്കുറിച്ചു ആരോഗ്യ സർവകലാശാലയും -അത്തരത്തിൽ ഓരോ സർവകലാശാലയും, സ്വതന്ത്ര വിദ്യാഭാസ സ്ഥാപങ്ങളും - സൗജന്യ ഓൺലൈൻ കോഴ്സുകൾ നൽകാനുള്ള പ്രാപ്തിയിലേക്കു വളരട്ടെയെന്നു നമുക്ക് പ്രതീക്ഷിക്കാം.
(കാനഡയിൽ എഡ്മൺറ്റണിലെ മാക്ഇവാൻ യൂണിവേഴ്സിറ്റിയിൽ സോഷ്യൽ വർക്ക് അധ്യാപകനാണ് ലേഖകൻ. സോഷ്യൽ വർക്കേഴ്സ്ന്റെ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപെട്ട ആദ്യ മലയാളികൂടിയാണ്. കാലടി സർവകലാശാലയിൽനിന്നും സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടി. ആലുവക്കടുത്ത് കാഞ്ഞൂർ സ്വദേശിയാണ്.)
🎓🌏🎓🌏🎓🌏🎓🎓🌏🎓
0 Comments